30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശക വീസയിൽ യുഎഇയിലെത്തുന്നവർക്ക് ഇപ്പോൾ 30 ദിവസത്തെ അധിക താമസത്തിന് അർഹതയുണ്ടെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവ അറിയിച്ചത്. ഇപ്പോൾ രാജ്യത്തിനകത്ത് നിന്ന് താമസം നീട്ടാം. 2022 ഒക്‌ടോബർ മുതൽ എമിറേറ്റ്‌സ് എൻട്രി പെർമിറ്റ് നടപടിക്രമങ്ങളിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ന്ദർശക വീസ പരമാവധി 120 ദിവസത്തേയ്ക്കാണ് നീട്ടാനാകുക. സന്ദർശക വിസ നീട്ടുന്നതിന് സന്ദർശകന്റെ പാസ്‌പോർട്ട് ആവശ്യമാണ്. ആവശ്യമായ രേഖകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വിസ ഇഷ്യൂ ചെയ്യുന്ന ഏജന്റ്മായി ബന്ധപ്പെടണം.
അതേസമയം, ദുബായ് സന്ദർശകവിസയിലുള്ള ഗ്രേസ് പിരീഡ് ഒഴിവാക്കി. ദുബൈയിൽ സന്ദർശക വിസയിൽ 30, 60 ദിവസത്തേക്ക് എത്തുന്നവർക്ക് 10 ദിവസം കൂടി രാജ്യത്ത് അധികമായി അനുവാദം നൽകിയിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഈ ഗ്രേസ് പിരീഡ് ആണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. സന്ദർശക വീസയ്ക്കുള്ള 10 ദിവസത്തെ ഗ്രേസ് പിരീഡ് ദുബായ് ഒഴികെയുള്ള എല്ലാ എമിറേറ്റുകളും നേരത്തെ ഒഴിവാക്കിയിരുന്നു.