പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തിൽ പാം ജബൽ അലി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പാം ജബൽ അലിയുടെ പുതിയ ഫ്യൂച്ചറിസ്റ്റിക് മാസ്റ്റർപ്ലാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു.
പാം ജബൽ അലി പദ്ധതിയിൽ ഏകദേശം 110 കിലോമീറ്റർ തീരപ്രദേശം കൂട്ടിച്ചേർക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന 80 ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കും. ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
ദുബായ് വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് പാം ജബൽ അലിയുടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമെന്ന പേരിലേക്ക് ഓരോ ദിവസവും പുതിയ പ്രോജക്ടുകളുമായി നടന്നടുക്കുകയാണെന്നും 2033ഓടെ ദുബൈയുടെ സാമ്പത്തിക മേഖല ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ചടങ്ങിൽ യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും പങ്കെടുത്തു. പദ്ധതിയുടെ മാസ്റ്റർപ്ലാനും അനാച്ഛാദനം ചെയ്തു.