മണിപ്പൂർ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 10 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചു. കൂടാതെ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ സഹായധനം. കലാപമേഖലകളിലെ സാഹചര്യം വിലയിരുത്താനും ഇടപെടലിനുമായി ആഭ്യന്തരമന്ത്രാലയ സംഘം ക്യാമ്പ് ചെയ്യും. ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും പിടിച്ച് നിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിക്കുമെന്നും മണിപ്പൂരില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത അമിത് ഷാ വ്യക്തമാക്കി.
കലാപകാരികളോട് ആയുധം ഉടന്‍ താഴെ വയ്കാനും അമിത് ഷാ നിര്‍ദ്ദേശിച്ചു. ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അടിയന്തരമായി മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത്ഷായോടാവശ്യപ്പെട്ടു. 80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ആറ് കേസുകള്‍ സിബിഐയും അന്വേഷിക്കും.