ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വനമേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാടിന്റെ ശ്രമം തുടരുകയാണ്. മേയ് 27ന് വനമേഖലയിൽ നിന്ന് ഇറങ്ങി കമ്പത്തെ ജനവാസമേഖലയിൽ എത്തി വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു.
ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനത്തിൽ നിന്ന് പുറത്തുകടക്കുന്നില്ലെങ്കിൽ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ടിയുള്ള ശ്രമവും നടത്തും. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആന സഞ്ചരിക്കുന്ന ദൂരവും കുറഞ്ഞിട്ടുണ്ട്.
രണ്ട് ഷിഫ്റ്റുകളായാണ് സംഘം ആനയെ നിരീക്ഷിക്കുന്നത്. തേനിയിൽ നിന്ന് 160 വനംവകുപ്പ് ഉദ്യോഗസ്ഥരും കോയമ്പത്തൂർ, ഹൊസൂർ മേഖലകളിൽ നിന്നുള്ള 31 വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും ഉൾപ്പെടെ 200ഓളം പേരടങ്ങിയ ദൗത്യസംഘമാണ് മേഖലയിൽ തുടരുന്നത്. വനത്തിൽ ആനയെ നിരീക്ഷിക്കാൻ പരിശീലനം നേടിയ ആദിവാസി സംഘവും, മൂന്ന് കുങ്കിയാനകളും ഇവർക്കൊപ്പമുണ്ട്.