ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചെന്ന് സൂചന. നേരത്തെ ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാളാണ്.
പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അത്തരം പ്രവർത്തികളിൽ ഇയാൾ മുൻപ് ഏർപ്പെട്ടിരുന്നോയെന്നത് വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. അതേസമയം ഇതേവിഷയത്തിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്.
പുലർച്ചെയാണ് ആലപ്പുഴ – കണ്ണൂര്‍ എക്സ്ക്യൂട്ടീവ് എക്സ്പ്രസിൽ തീപിടുത്തമുണ്ടായത്. ഒരു ബോഗി പൂർണ്ണമായും കത്തിനശിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് കത്തിനശിച്ചത്. ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകളിട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് സംശയം. ഇന്നലെ രാത്രി 11.07 ന് യാത്ര അവസാനിപ്പിച്ച ട്രെയിനായിരുന്നു ഇത്. 11.45 ഓടെ കണ്ണൂർ സ്റ്റേഷനിലെ എട്ടാം ട്രാക്കിൽ ട്രെയിൻ നിർത്തി. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ പുലർച്ചെ ഒരു മണിക്ക് ശേഷം കയറിയ അക്രമി പുലർച്ചെ 1. 27നാണ് തീയിട്ടത്. ഫയർ ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു.