2000 രൂപയുടെ നോട്ട് മാറിയെടുക്കാന് പ്രത്യേകം ഫോം വേണ്ടെന്നും തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും എസ്ബിഐ അറിയിച്ചു. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാം. സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് എസ്ബിഐ വിശദീകരണം നൽകിയത്. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ സപ്തംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നല്കാനാണ് നിർദ്ദേശം.
രണ്ടായിരത്തിൻറെ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുന്നതായാണ് ആർബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഇപ്പോൾ കൈവശമുള്ള രണ്ടായിരത്തിൻറെ നോട്ടുകൾ തല്ക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല. നോട്ടുകൾ 2023 സെപ്റ്റംബർ 30നകം ബാങ്കുകളിൽ മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.