വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ. ശൂരനാട് നിർമ്മിച്ച് ജാസിക് അലി സംവിധാനം ചെയ്യുന്ന സൈബർ ക്രൈം ത്രില്ലർ ‘ബൈനറി’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർ ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.
ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, മാമുക്കോയ, സിജോയ് വർഗീസ്, കൈലാസ്, അനീഷ് ജി. മേനോൻ, സങ്കീർത്തന, ഹരിതാ നായർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പി.കെ ഗോപി, നജു ലീലാധർ, അഡ്വ. ശ്രീരഞ്ജിനി, സജിത മുരളീധരൻ, പി.സി. മുരളീധരൻ എന്നിവരാണ് ഗാനരചന നിർവ്വഹിച്ചത്. അന്തരിച്ച സംഗീത സംവിധായകൻ അർജുനൻ മാഷ് അവസാനമായി ചിട്ടപ്പെടുത്തിയ പി.കെ. ഗോപിയുടെ ‘അലപോലെ’ എന്ന കവിത ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജേഷ് ബാബു കെ. ശൂരനാട് സംഗീതം നൽകിയ ഗാനങ്ങൾ ഹരിചരൻ, അൻവർ സാദത്ത്, രഞ്ജിനി ജോസ് , പൂജാ സന്തോഷ്, അനസ് ഷാജഹാൻ, അജ്മൽ ബഷീർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.