ദ കേരള സ്റ്റോറി സിനിമക്ക് പശ്ചിമ ബംഗാളിലുണ്ടായിരുന്ന നിരോധനം നീക്കി സുപ്രീംകോടതി. പൊതുവികാര പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മൗലികാവകാശത്തെ നിർണ്ണയിക്കാനാകില്ലെന്ന് കേരള സറ്റോറി സിനിമ നിരോധനം സംബന്ധിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സിനിമ ഇഷ്ടമല്ലെങ്കിൽ സിനിമ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദർശനത്തെയാണ് നിരോധിച്ചതെന്നും ഒടിടിയിൽ കാണുന്നതിൽ പ്രശ്നമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. എന്നാൽ അധികാരം മിതമായി പ്രയോഗിക്കണമെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതിയുടെ മറുപടി.
പശ്ചിമ ബംഗാളിൽ പ്രദർശനം നിരോധിച്ചതിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്. നിരോധനം പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് ആവശ്യമെങ്കിൽ സുരക്ഷ നൽകണമെന്നും നിർദേശം നൽകി.
രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാൽ, ആഭ്യന്തര റിപോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം, 32000 എന്ന സംഖ്യ ചിത്രത്തിൽ പരാമർശിക്കുന്നില്ലെന്നും 32000 സ്ത്രീകളെ മതം മാറ്റിയെന്നതിൽ ആധികാരിക രേഖയില്ലെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.