അന്താരാഷ്ട്ര പുരാവസ്തു ദിനത്തോടനുബന്ധിച്ച് ഈ മാസം 19 വെള്ളിയാഴ്ച ദുബൈ എക്സ്പോ സിറ്റിയിൽ പ്രവേശനം സൗജന്യമാക്കി. മ്യൂസിയം, സുസ്ഥിരത, ക്ഷേമം എന്ന ഈവർഷത്തെ ആശയം മുൻനിർത്തി തയാറാക്കിയ വിദ്യാഭ്യാസ പ്രോഗ്രാമുകളും ലോകത്തെ പ്രധാന ഏഴ് ട്രഷർ ഹണ്ട് ഇടങ്ങളെ കുറിച്ച് അറിയാനുള്ള പ്രോഗ്രാമുകളും ഉൾപ്പെടുന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ആഘോഷം. എക്സ്പോയിൽ അലിഫ്, ടെറ, സുസ്ഥിരത, വുമൺ ആൻഡ് വിഷൻ എന്നീ പവിലിയനുകളിലും മറ്റ് മൂന്ന് സ്റ്റോറീസ് ഓഫ് നാഷൻസ് പവിലിയനുകളിലുമാണ് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. .
വെള്ളിയാഴ്ച പ്രവേശനം സൗജന്യമാക്കുന്നതിലൂടെ മ്യൂസിയങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഇടങ്ങൾ എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കുന്നതിനും സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അലിഫ് പവിലിയനിലെ ലെഗോ വർക് ഷോപ്പിൽ മോട്ടോറുകൾ, സെൻസറുകൾ, എൻജിനീയറിങ് എന്നിവയെ കുറിച്ച് റോബോട്ടുകളുടെ സഹായത്തോടെ മനസ്സിലാക്കാൻ അവസരമുണ്ട്. വുമൻസ് ആൻഡ് വിഷൻ പവിലിയനുകളിൽ കരകൗശല വസ്തുക്കളുടെയും മറ്റും പ്രദർശനം ഉണ്ടാവും. ടെറയിൽ വിനോദകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥ കേന്ദ്രീകൃത ഫിലിം സ്ക്രീനുകളും പ്രദർശിപ്പിക്കും.