ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി അറിയിച്ചു.
പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ കസ്‌റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ച കോടതി സന്ദീപിനെ കസ്‌റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും അതിനാൽ പ്രതിയെ കസ്‌റ്റഡിയിൽ വിടണമെന്നുമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ വാദിച്ചത്. എന്നാൽ ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പാണെന്നായിരുന്നു സന്ദീപിന് വേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂർ വാദിച്ചു. ശാരീരിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കസ്‌റ്റഡിയിൽ വിട്ടു കൊടുക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.