മലപ്പുറം കിഴിശ്ശേരിയിൽ മർദനമേറ്റ നിലയിൽ ഗുരുതര പരുക്കുകളോടെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഹാർ സ്വദേശി മരിച്ചു. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ആൾക്കൂട്ട മർദനമാണു മരണകാരണമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഹാറിലെ ഈസ്റ്റ് ചെമ്പാറൻ ജില്ലയിലെ മാധവ്പുർ കേശോ സ്വദേശി സോന്ദാർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി (36) ആണു മരിച്ചത്.
മോഷണശ്രമത്തിനിടെ വീടിനു മുകളിൽനിന്നു വീണതാണെന്നു നാട്ടുകാർ പൊലീസിനോടു പറഞ്ഞു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്.12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈ കെട്ടിയിട്ടാണ് മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, മരിച്ചയാൾ എത്തിയത് മോഷണ ശ്രമത്തിനെന്നാണ് പ്രാഥമിക നിഗമനം.