മോക്ക എന്ന ശക്തമായ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ വരെയാകാമെന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ തുറമുഖം, ചട്ടഗ്രാം, പൈറ തുറമുഖം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു
മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമാകുന്നത് കൂടാതെ മണ്ണിടിച്ചിലിനും കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശും മ്യാൻമറും റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള 5 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. വടക്കൻ മ്യാന്മാർ തീരവും കൊടുങ്കാറ്റിന്റെ പരിധിയിൽ ഉൾപ്പെടും. അഞ്ചു ലക്ഷം പേരെ ബംഗ്ളാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാൻമർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു.
ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുകയാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. .