കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ പരാജയത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ’, എന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ആദ്യ പ്രതികരണം. കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ബി ജെ പി ഇതിനു മുമ്പ് ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, കഴിഞ്ഞ തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും ചൂണ്ടികാട്ടി.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കർണാടകത്തിലെ നേതാക്കൾ ആവശ്യമായ വിലയിരുത്തൽ നടത്തി കാര്യങ്ങൾ പറയും. കേന്ദ്രമന്ത്രിയായതിൽ കാര്യമില്ല. വിദേശകാര്യ വകുപ്പാണ് തന്റേതെന്നും അതിനെ കുറിച്ചാണെങ്കിൽ സംസാരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതോട് കൂടി ബി.ജെ.പി ഇല്ലാതാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.