ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുവദിച്ചു. പുസ്തകോൽസവത്തിൽ പങ്കെടുക്കുന്ന പ്രസാധകർക്കു പ്രോൽസാഹനം നൽകുക എന്ന നിലയിലാണ് പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടത്. വാങ്ങുന്ന പുസ്തകങ്ങൾ എമിറേറ്റിലെ ലൈബ്രറികൾക്ക് നൽകും.
എല്ലാ വർഷവും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും എത്തിച്ചേരുന്ന പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കാറുണ്ട്. മൊത്തം 141 പ്രസാധകരാണ് കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്നത്. ഈ മാസം 14 വരെ കുട്ടികൾക്കായുള്ള വിവിധ പരിപാടികളുമായി ഷാർജ എക്സ്പോ സെന്ററിൽ കുട്ടികളുടെ വായനോത്സവം നടക്കും.