മണിപ്പൂരിൽ ഗോത്രവർഗക്കാരും മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ കലാപം ആളിക്കത്തുകയാണ്. ഏറ്റുമുട്ടൽ ഭയന്ന് അയൽ സംസ്ഥാനമായ അസമിലേക്ക് ആയിരത്തിലധികം പേർ പലായനം ചെയ്തു. ഇതിൽ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരാണ്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നിലവിലെ ക്രമസമാധാന നില വിലയിരുത്തി തുടർന്നുള്ള ഇളവുകൾ അവലോകനം ചെയ്യുകയും അറിയിക്കുകയും ചെയ്യുമെന്ന് ചുരാചന്ദ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് ശരത് ചന്ദ്ര അരോജു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
അതിനിടെ ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. സംഘർഷം അയഞ്ഞ സാഹചര്യത്തിൽ ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിലേക്കായി ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ കർഫ്യൂ പിൻവലിച്ചതായാണ് ഉത്തരവ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. മെയ് മൂന്ന് മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കരസേന, സിആർപിഎഫ്, അതിർത്തി രക്ഷാസേന (ബിഎസ്എഫ്), അസം റൈഫിൾസ് എന്നിവയിലെ ഏഴായിരത്തോളം ജവാന്മാരാണു സംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥ മുതലെടുത്ത് മ്യാൻമറിൽനിന്നുള്ള വിഘടനവാദികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തുടനീളം ഇതുവരെ 13,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി കരസേന അറിയിച്ചു. ഇംഫാൽ ഉൾപ്പെടെ താഴ്‌വരയിലുള്ള ജില്ലകൾ മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മെയ്തെയ് വിഭാഗക്കാർ ഏറെയുള്ള ഇംഫാൽ ജില്ലയിൽ ഗോത്ര വിഭാഗക്കാർക്കു നേരെ ആക്രമണമുണ്ടായി. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ദേവാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്.