ജമ്മുകശ്മീരിലെ രജൗരിയിൽ സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരിലെ രജൗരി സന്ദർശിക്കും. ഇന്നലെ അഞ്ച് സൈനിക ജവാന്മാർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ “ത്രിനെത്ര” അദ്ദേഹം അവലോകനം ചെയ്യും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു. ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.
ഇന്നലെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. പൂഞ്ച് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ തുരത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണ്. അതേസമയം ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ഹിമാചൽ സ്വദേശികളും, ജമ്മു, ബംഗാൾ, ഉത്തരാഖണ്ഡ് സ്വദേശികളുമായ ഓരോ സൈനികരും ആണ് വീരമൃത്യു വരിച്ചത്.
- ലാൻസ് നായിക് രുചിൻ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്)
- പാരാട്രൂപ്പർ സിദ്ധാന്ത് ചെത്രി (പശ്ചിമ ബംഗാൾ)
- നായിക് അരവിന്ദ് കുമാർ (ഹിമാചൽ പ്രദേശ്)
- ഹവിൽദാർ നീലം സിംഗ് (ജമ്മു കശ്മീർ)
- പാരാട്രൂപ്പർ പ്രമോദ് നേഗി (ഹിമാചൽ പ്രദേശ്)
അതിനിടെ ഇന്ത്യൻ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. നിരവധി വെടിക്കൊപ്പുകളും കണ്ടെടുത്തതായും ഓപ്പറേഷൻ തുടരുന്നു എന്നും സൈന്യം അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയിൽ പരസ്പരം വെടിവയ്പ്പ് തുടരുകയാണ്.
ഏപ്രിൽ 20ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക് നീങ്ങുന്നതിനിടെ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട ആർമി ജവാൻമാർ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിൽ നിന്നുള്ളവരും പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിക്കപ്പെട്ടവരുമാണ്.