ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. രജൗരിയിലെ കാണ്ടി വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ 7:30 ഓടെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. ടോട്ട ഗലി മേഖലയില്‍ സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള തിരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ സ്ഫോടകവസ്തു പ്രയോഗിക്കുകയായിരുന്നു.
ചെങ്കുത്തായ പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന പ്രദേശത്താണ് ഒരു കൂട്ടം ഭീകരര്‍ ഒളിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. പൂഞ്ച് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ പിടികൂടാനുളള സംയുക്ത ഓപ്പറേഷന്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സൈനികരുടെ മരണവിവരം പുറത്തു വരുന്നത്.
കുപ്വാരയിലെ പിച്നാഡ് മച്ചില്‍ സെക്ടറിന് സമീപം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും പരാജയപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ മാസം പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യ വരിച്ചിരുന്നു. സ്റ്റിക്കി ബോംബുകളും സ്റ്റീല്‍ ബുള്ളറ്റുകളുമായിരുന്നു ഭീകരര്‍ ഉപയോഗിച്ചിരുന്നത്. ഭീകരരെ പിടികൂടാന്‍ ഡ്രോണുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, നായ്ക്കള്‍ എന്നിവയുടെ പിന്തുണയോടെയാണ് സൈന്യം തിരച്ചില്‍ നടത്തിയത്.