പ്രശസ്‌ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 50 വർഷത്തോളമായി കർണാടക സംഗീത മേഖലയിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തെന്നിന്ത്യൻ സംഗീതലോകത്തെ മിക്ക പ്രമുഖർക്കൊപ്പവും ആർ മണി പ്രവർത്തിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും ആർ മണി മൃദംഗം വായിച്ചിട്ടുണ്ട്.
കാരക്കുടി രംഗ ഐനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ മണി സംഗീതം പഠിച്ചു. കെ.എം വൈദ്യനാഥനിൽനിന്നും മണിക്ക് ശിക്ഷണം ലഭിച്ചിട്ടുണ്ട്. വെറും പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ രാഷ്ട്രപതി ഡോ. രാധാകൃഷ്‌ണനിൽ നിന്നും ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1998ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1989ൽ അദ്ദേഹം ശ്രുതി ലയ സേവാ സ്‌കൂൾ സ്ഥാപിച്ചു, നിലവിൽ അതിന് ചെന്നൈ, ബാംഗ്ലൂർ, ഓസ്‌ട്രേലിയ, ലണ്ടൻ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യൻമാരാണ് അദ്ദേഹത്തിനുള്ളത്. ലയമണി ലയം എന്ന പേരിലുള്ള സംഗീത മാഗസിന്റെ ചീഫ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. ഒട്ടേറെ ശിഷ്യഗണങ്ങളും അദ്ദേഹത്തിനുണ്ട്. അവിവാഹിതനായിരുന്ന കാരൈക്കുടി മണി എക്കാലത്തെയും മികച്ച മൃദംഗം വാദകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയായിരുന്നു.