മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നാലെ മറ്റൊരു വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നു. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബയും സന്ദര്‍ശിച്ചേക്കും. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യുഎസ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. യാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. യാത്രക്കായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും.
യുഎസില്‍ ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലുമാണ് സമ്മേളനം.
മുഖ്യമന്ത്രിയെ കൂടാതെ സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാര്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോലശേരി എന്നിവരും പങ്കെടുക്കും. ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോര്‍ക്ക വകുപ്പാണ് വഹിക്കുക.