ബിഹാറിലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തുന്നത് പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാതി സെൻസസ് നടത്താൻ ബിഹാർ സർക്കാരിന് നിയമപരമായ അധികാരമില്ലെന്നും അത്തരം സെൻസസ് കേന്ദ്രത്തിന് മാത്രമേ നടത്താനാവൂ എന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ജാതി സെൻസസ് നടത്താൻ ബിഹാർ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിപക്ഷമായ ബിജെപി സെൻസസിനെതിരെ രംഗത്തെത്തിയിരുന്നു.
ജനുവരി 7നാണ് ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ തീരുമാനിച്ചിരുന്നത്. പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള എട്ടുതല സർവേയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഡിജിറ്റലായി വിവരങ്ങൾ ശേഖരിച്ചത്. സ്ഥലം, ജാതി, ഒരു കുടുംബത്തിലെ ആളുകളുടെ എണ്ണം, അവരുടെ തൊഴിൽ, വാർഷിക വരുമാനം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ആപ്പിൽ ഉണ്ടായിരുന്നത്. പദ്ധതിക്കായി 500 കോടി രൂപയാണ് ചെലവ്.