കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സമൂഹത്തിൽ സമാധാനമുണ്ടെങ്കിൽ കോൺഗ്രസിന് സമാധാനത്തോടെ ഇരിക്കാനാകില്ല, ഡൽഹിയിലെ ‘ഷാഹി കുടുംബത്തെ’ സേവിക്കുന്നതിനായി കർണാടകയെ നമ്പർ-1 എടിഎം ആക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മൂഡബിദ്രിയിൽ നടന്ന റാലിക്കിടെയാണ് മോദിയുടെ പരാമർശം.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സര പ്രചാരണ പരിപാടികളാണ് കർണാടകയിൽ നടക്കുന്നത്. ബിജെപി ,കോൺഗ്രസ് നേതാക്കൾ പരസ്പരം ശക്തമായ വാക്പോരുകളാണ് നടത്തുന്നത്. ഇതിനിടയിൽ ഇരുപാർട്ടികളും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഇതുകൂടാതെ എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പോഷകാഹാര പദ്ധതിയില്‍ അരലിറ്റര്‍ നന്ദിനി പാല്‍ നല്‍കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.
മൊത്തം 2,613 സ്ഥാനാർത്ഥികളാണ് മെയ് 10 ന് വോട്ടെടുപ്പ് നടക്കുന്ന 224 സീറ്റുകളിലേക്ക് മത്സരരംഗത്തുള്ളത്. 2,613 സ്ഥാനാർത്ഥികളിൽ 2,427 പുരുഷൻമാരും 184 സ്ത്രീകളും മറ്റ് 2 പേരും ഉണ്ടെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. മെയ് 13 ന് ഫലം പ്രഖ്യാപിക്കും.