ദി കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിന് അടിയന്തര സ്റ്റേ ഇല്ല. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി.
വിദ്വേഷകരമായ പരാമര്‍ശങ്ങളാണ് സിനിമയിലുള്ളതെന്നും അത്തരം പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിനിമ നിങ്ങള്‍ കണ്ടിട്ടില്ലല്ലോ, ടീസര്‍ മാത്രമല്ലേ കണ്ടുള്ളൂ എന്നുമാണ് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. ടീസറിലുള്ളത് മത സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതാണ്. ടീസര്‍ എന്നത് സിനിമയുടെ മുഖമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. കേസ് ഈ മാസം അഞ്ചിന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.