കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നൽകിയസമയത്ത് തന്നെ കർണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയിൽ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് കർണാടക പൊലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി.
ആറംഗ സമിതിയാണ് സുരക്ഷാ ചെലവ് കണക്കാക്കിയത്. പത്ത് സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ വിവരം മദനി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ചെലവ് പഴയ നിലയിൽ കണക്കാക്കാനാവില്ലെന്നും കർണാടക പൊലീസ് വാദിച്ചു. എസ്‌പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോർട്ട് നൽകിയത്.
എന്നാൽ മദനിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കഴിഞ്ഞ തവണ മദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആ സ്ഥാനത്ത് 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപിൽ സിബൽ ഉന്നയിച്ചു. ഇത്രയും പണം പ്രതിമാസം നൽകാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി. മദനിക്ക് കേരളത്തിൽ നിൽക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.