സുഡാനിൽ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓപ്പറേഷൻ കാവേരി എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ എത്തി. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും.
അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിന് പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ട്. കഴിഞ്ഞ ദിവസം സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാൻസ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്.
അതിനിടെ സംഘര്‍ഷത്തിൽ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 15ന് ആരംഭിച്ച സംഘര്‍ഷത്തില്‍ 273 പൗരന്മാരുള്‍പ്പെടെ 420-ലധികം പേര്‍ കൊല്ലപ്പെടുകയും 3,700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം അക്രമത്തില്‍ നിന്ന് രക്ഷപെടാനുളള വഴികള്‍ തേടുകയാണ് സുഡാനികള്‍ എന്നാണ് അറിയുന്നത്. വിദേശ സര്‍ക്കാരുകള്‍ തങ്ങളുടെ നൂറുകണക്കിന് നയതന്ത്രജ്ഞരെയും മറ്റ് പൗരന്മാരെയും വിമാനത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയാണ്.