സുഡാനിൽ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന സംഘര്‍ഷത്തിൽ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 15ന് ആരംഭിച്ച സംഘര്‍ഷത്തില്‍ 273 പൗരന്മാരുള്‍പ്പെടെ 420-ലധികം പേര്‍ കൊല്ലപ്പെടുകയും 3,700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം അക്രമത്തില്‍ നിന്ന് രക്ഷപെടാനുളള വഴികള്‍ തേടുകയാണ് സുഡാനികള്‍ എന്നാണ് അറിയുന്നത്. വിദേശ സര്‍ക്കാരുകള്‍ തങ്ങളുടെ നൂറുകണക്കിന് നയതന്ത്രജ്ഞരെയും മറ്റ് പൗരന്മാരെയും വിമാനത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയാണ്.
സുഡാനീസ് സായുധ സേനയും, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ഏപ്രില്‍ 24 ന് അര്‍ദ്ധരാത്രി മുതല്‍ 72 മണിക്കൂര്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചു. സുഡാനിലെ അക്രമം വിനാശകരമായ യുദ്ധമായി മാറിയേക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് സുഡാനികള്‍ വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്.