മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിനാണ് ദുബായ് കോടതി 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 11.5കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണ് ദുബൈ കോടതി 5 മില്യൺ നഷ്ടപരിഹാരം വിധിച്ചത്. യു എ ഇ യിൽ ഇന്ത്യക്കാരന് ലഭിച്ച ഏറ്റവും വലിയ വാഹനാപകട നഷ്ടപരിഹാരത്തുകയാണ് ഇതെന്ന് നിയമവിദഗ്ധർ പറഞ്ഞു.
2019 ജൂണില്‍ ആണ് മുഹമ്മദ് ബെയ്ഗിന്റെ ജീവിതം തകിടം മറിച്ച അപകടം നടക്കുന്നത്. അവധിക്കാലം ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്ക്കറ്റിലേക്ക് പോയി ബസിൽ മടങ്ങിവരവേയാണ് മുഹമ്മദ് ബെയ്ഗ് അപകടത്തില്‍പ്പെട്ടത്. 12 ഇന്ത്യക്കാരടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടക്കുമ്പോൾ മുഹമ്മദ് ബെയ്ഗ് മിർസക്ക് 20 വയസ്സായിരുന്നു. ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബൈ റാഷിദിയയിലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബെയ്ഗ് 14 ദിവസത്തോളം അബോധവസ്ഥയിൽ ആയിരുന്നു നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിലും ചികിത്സ തേടിയിരുന്നു. മസ്തിഷ്ക്ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈ കാലുകൾക്കും അപകടം സാരമായി ക്ഷതമേല്പിച്ചു. ചികിത്സക്ക് ശേഷവും മസ്തിഷ്കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നതിനാൽ മുഹമ്മദ് ബെയ്ഗ് മിര്‍സയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത് എന്ന് മുഹമ്മദ് ബെയ്ഗിന്റെ പിതാവ് മിർസ ഖദീർ ബെയ്ഗ് പറഞ്ഞു. മാതാവ് സമീറ നസീറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
പ്രാരംഭ ഘട്ടത്തിൽ യു എ ഇ ഇൻഷുറൻസ് അതോറിറ്റി കോടതിയിൽ കേസ് പരിഗണിച്ചെങ്കിലും 1 മില്യൺ ദിർഹം മാത്രമാണ് നഷ്ടപരിഹാരമായി വിധിച്ചത് . ഇതിനെതിരെ ഹർജിക്കാർ അപ്പീൽ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര സംഖ്യ 5 മില്യൺ ദിർഹമായി വർധിപ്പിച്ചുകൊണ്ട് കോടതി വിധിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്തു ഇൻഷുറൻസുകമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി അപ്പീൽ കോടതിയുടെ വിധി ശരിവെക്കുകയാണ് ചെയ്തത്.
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു സി അബ്ദുല്ല , അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിര്‍സക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ യു എ ഇ അഡ്വക്കേറ്റ്മാരായ ഹസ്സൻ അശൂർ അൽ മുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവർ രണ്ടു വർഷത്തിലധികം ഇൻഷുറൻസ് അതോറിറ്റി മുതൽ സുപ്രീം കോർട്ട് വരെയുള്ള കോടതികളിൽ വിവിധ ഘട്ടങ്ങളിൽ ഹാജരായി. .