അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് രംഗത്തെത്തി. യാഥാര്‍ത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് ചൈനീസ് നടപടിയോട് ഇന്ത്യ പ്രതികരിച്ചത്. അരുണാചൽ പ്രദേശ് വളരെക്കാലമായി ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. പ്രദേശങ്ങളുടെ പേരുമാറ്റി പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.
അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും ഇന്ത്യ പറഞ്ഞു. ഇതാദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.