ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. സൂറത്ത് സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണ്ണായകമാകും.സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഉണ്ടാകും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തില്‍ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും’. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുലിന് വിനയായത്. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതാണെന്നും കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെ സംഭവം ഗൗരവമേറിയതായി. തുടര്‍ന്ന് രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസില്‍ വാദം കേട്ടു. മൂന്ന് തവണ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായി.
തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ചായിരുന്നു രാഹുലിന്റെ മൊഴി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാഹുലിന്റെ ഈ വാദമൊന്നും കോടതിയില്‍ വിലപ്പോയില്ല.
10000 രൂപ കെട്ടിവെച്ച് കേസില്‍ ഇന്നുതന്നെ ജാമ്യം ലഭിച്ചെങ്കിലും മേല്‍ക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്‌സഭാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവുക. ഇതോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി രാഹുലിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാകും.