ആഗോള ഇ-കൊമേഴ്‌സ് കമ്പനി ആമസോൺ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടും. ഇതിൽ കൂടുതലും AWS, PXT, ആഡ്, ട്വിച്ച് എന്നിന്നീ വിഭാഗങ്ങളിൽ നിന്നായിരിക്കും. കമ്പനി ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചെലവ് കുറയ്ക്കാൻ ഈ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കാട്ടി കമ്പനിയുടെ സിഇഒ ആൻഡി ജാസി പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർക്ക് സന്ദേശം അയച്ചു. ഏപ്രിൽ പകുതി മുതൽ അവസാനം വരെ പിരിച്ചുവിടൽ പ്രക്രിയ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിഇഒ വ്യക്തമാക്കി. ഇതോടെ ആമസോണിൽ ആകെ ജോലി നഷ്‌ടപ്പെട്ടവരുടെ എണ്ണം 27,000 ആയി ഉയർന്നു.
എന്നാൽ പിരിച്ചുവിട്ട ജീവനക്കാരെ ആമസോൺ പിന്തുണയ്ക്കുമെന്നും സിഇഒ പറഞ്ഞു. സെപ്പറേഷൻ പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്‌സ്‌റ്റേണൽ ജോബ് പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ ഇവർക്ക് നൽകുമെന്നാണ് കമ്പനിയുടെ വാഗ്‌ദാനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആമസോൺ കൂടുതൽ പേരെ നിയമിച്ചിട്ടുണ്ടെന്നും ഇപ്പോൾ, സാമ്പത്തിക മാന്ദ്യം കാരണം ചെലവ് ലാഭിക്കാനും മറ്റു കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയാണെന്നും കമ്പനിയുടെ സിഇഒ വിശദീകരിച്ചു.