സ്വവര്‍ഗ വിവാഹം ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് സൂചന.
ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്‍കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര്‍ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു.