ബെംഗളൂരു–മൈസൂരു അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8172 കോടി രൂപ ചെലവിട്ടു നിർമ്മിച്ച 118 കിലോമീറ്റർ ബെംഗളൂരു– മൈസൂരു അതിവേഗ പാതയോടൊപ്പം മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും മോദി നിർവ്വഹിച്ചു. 4130 കോടിയാണ് പദ്ധതിയുടെ ചെലവ്. പുതിയ പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും.
മാണ്ഡ്യയിൽ വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എന്‍ജിൻ സർക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ‘‘കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ യുവാക്കൾ വളരെയധികം അഭിമാനിക്കുന്നു. ഈ പദ്ധതികളെല്ലാം സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കും.– നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.
ബെംഗളൂരുവിൽനിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന 10 വരി അതിവേഗപാത രാജ്യത്തിന് സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് കർണാടകയിലെ മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ റോഡ് ഷോയും നടന്നു. മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യയിൽ ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഇന്നു നടത്തിയത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൊക്കലിഗ ഹൃദയഭൂമിയായ മാണ്ഡ്യയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. 2018ൽ തീരദേശ കർണാടകയിലും മുംബൈ-കർണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പഴയ മൈസൂരു മേഖലയിലും ഹൈദരാബാദ്-കർണാടക മേഖലയിലും ഭൂരിപക്ഷം കുറവായിരുന്നു. പഴയ മൈസൂരു മേഖലയിലെ ഒൻപതു ജില്ലകളിൽ ഒന്നാണ് മണ്ഡ്യ. മൈസൂരു, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപ്പൂർ, തുംകുരു, ഹാസൻ എന്നിവയാണ് മറ്റു ജില്ലകൾ. 61 നിയമസഭാ സീറ്റുകളുള്ള ഓൾഡ് മൈസൂരു മേഖല ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. കോൺഗ്രസിനും ഇവിടെ സ്വാധീനമുണ്ട്.