മേഘാലയ മുഖ്യമന്ത്രിയായി രണ്ടാം വട്ടവും എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവർ ഉപമുഖ്യമന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും ചുമതലയേറ്റു. ഇന്നലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു
ബിജെപിയുടെ അലക്‌സാണ്ടർ ലാലു ഹെക്, യുഡിപിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്എസ്പിഡിപിയുടെ ഷക്ലിയാർ വാർജ്രി എന്നിവരും മന്ത്രിമാരായവരിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ എൻപിപിക്ക് 8 മന്ത്രിമാരാണുള്ളത്. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവുമുണ്ട്. തങ്ങളുടെ 2 എംഎൽഎമാർക്കും മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, തൃണമൂൽ എന്നിവരോടൊപ്പം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്ന യുഡിപി അവസാനനിമിഷമാണു സാങ്മയ്ക്കൊപ്പം ചേർന്നത്. 12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി – ജയന്റിയ ഹിൽസിൽനിന്നുമാണ്. 11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായിരുന്നു.