കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസവും പൂർണ്ണമായി കെടുത്താനായില്ല. 27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവർത്തിച്ചു. കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം ഒഴിച്ചെങ്കിൽ മാത്രമെ തീ കെടുത്താൻ സാധിക്കുകയുള്ളു എന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലും ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തിയിട്ടുണ്ട്.
കൂടാതെ മാലിന്യം നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. മാലിന്യം താത്കാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല.