കണ്ണൂരിൽ കാര്‍ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രവേഗം തീ ആളിക്കത്താന്‍ കാരണമായത് കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോർട്ട് തളിപ്പറമ്പ് സബ് ജ്യൂഡിഷല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഫോറന്‍സിക് സമർപ്പിച്ചു.
കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തും വെന്തു മരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു.