ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുന്നു. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇന്നലെ വൈകിട്ട് നാലു മണിയോടെ തീ പിടിച്ചത്. ശക്തമായ കാറ്റിൽ കൂടുതൽമാലിന്യങ്ങളിലേക്ക് തീ പടർന്നത് വെല്ലുവിളിയായി. പ്ലാന്റിലെ അഗ്നിരക്ഷ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കാത്തതും ദുരിതം ഇരട്ടിയാക്കി. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നു.