ദുബൈ: യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. “ഫെബ്രുവരി 28 ന് പ്രതികൂലമായ കാലാവസ്ഥമൂലം മാറ്റിവച്ച വിക്ഷേപണം മാർച്ച് 2 ന് നടത്തുമെന്ന് നാസ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് യു.എ.ഇ സമയം രാവിലെ 10.45ന് റോക്കറ്റ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിൽ എത്തിയിരുന്നു. എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക.
ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണത്തിൽ ഏർപ്പെടാനുള്ള യാത്രയിൽ നെയാദിക്കു കൂട്ടായി നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും ഉണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു ദീർഘകാലത്തേക്കു സഞ്ചാരികളെ അയയ്ക്കുന്ന 11 രാജ്യങ്ങളിലൊന്നാകും യുഎഇ