ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാൻ ഇരിക്കുകയായിരുന്നു. 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊച്ചിയിലെ ഇഡി ഓഫീസിൽ പോകാതെ സി എം രവീന്ദ്രൻ നേരെ നിയമസഭയിൽ എത്തി. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണ് ഇന്ന്.
ലൈഫ് മിഷൻ പദ്ധതിയിലും കോഴ ഇടപാടിലും സി എം രവീന്ദ്രന്റെ പങ്കു തെളിയിക്കാവുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് നൽകിയത്. മുൻപും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിട്ടുണ്ട്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെകൂടി അറിവോടുകൂടിയാണെന്ന് സ്വപ്നാ സുരേഷ് മൊഴിനൽകിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ഇ ഡി യ്ക്ക് ലഭിച്ചിട്ടുണ്ട്. സി എം രവീന്ദ്രന് പണം ലഭിച്ചോ എന്ന കാര്യത്തിൽ കൃത്യമായ അറിവില്ല. ഇക്കാര്യം ഉൾപ്പെടെയുള്ളവയിൽ സി എം രവീന്ദ്രന്റെ വിശദീകരണം തേടാനാണ് ഇഡി വിളിപ്പിച്ചത്.
ലൈഫ്മിഷൻ കോഴ കേസിൽ മൂന്നു കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഉണ്ടായിട്ടുള്ളതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.