പാലക്കാട് ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും നിലവിലെ കെടിഡിസി ചെയർമാനുമായ പി കെ ശശിയുടെ പേരിൽ ഗുരുതര ആരോപണം. പാർട്ടി ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ പി കെ ശശി വെട്ടിലായിരിക്കുകയാണ്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദിനേശൻ പുത്തലത്തിന് സമർപ്പിച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഫണ്ട് തിരിമറി ഉൾപ്പെടെ യുള്ള ക്രമക്കേടുകൾ വെളിച്ചത്ത കൊണ്ടുവരുന്ന ഏഴോളം രേഖകളാണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി സമർപ്പിച്ചിട്ടുള്ളത്.
ഇതിൽ പാലക്കാട് ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരി വാങ്ങിയതിന്റെ ഓഡിറ്റ് റിപ്പോർട്ടും ഉൾപ്പെടുന്നു. സഹകരണ ബാങ്കിൽ നിന്നും 5 കോടി 60 ലക്ഷം രൂപ യൂണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകളാണ് പുറത്തുവന്നത്. പാർട്ടി അറിയാതെ മണ്ണാർക്കാട് സർക്കിളിലെ സഹകരണ വകുപ്പിലെ വിവിധ സൊസൈറ്റികളിൽ നടത്തിയ 35 ഓളം നിയമനങ്ങളുടെ വിവരങ്ങൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാർ സ്മാരകത്തിന്റെ നിർമ്മാണ തുകയിൽ നിന്നും 10 ലക്ഷം രൂപ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകളടക്കം രേഖയിൽ ഉൾപ്പെടുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടവയാണ് മറ്റുള്ള തെളിവുകൾ. പി കെ ശശിയുടെ ഡ്രൈവർ പി കെ ജയന്റെ പേരിൽ അലനല്ലൂർ വില്ലേജ് ഓഫീസിന് സമീപം വാങ്ങിയ സ്ഥലത്തിന്റെ രേഖകളാണ് അടുത്തത്. ഒരു കോടിക്ക് മുകളിൽ വില വരുന്ന ഇടപാടാണ് ഇതിൽ ഉള്ളത്. യൂണിവേഴ്സൽ കോളേജിന് സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖകളാണ് മറ്റൊരു തെളിവ്.
ശനിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ആയിരുന്നു പി കെ ശശിക്കെതിരെയുള്ള തെളിവുകൾ സമർപ്പിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയവരുടെയും തെളിവ് നൽകിയവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പി കെ ശശിയുടെ വിശദീകരണവും കമ്മിറ്റി പരിശോധിച്ചു. വിശദവിവരങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി ദിനേശൻ പുത്തലത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറും.