മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പരിശോധനയിൽ നിന്നും വ്യക്തമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാ അടിസ്ഥാനത്തിലാകും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതാകും റിപ്പോർട്ട് എന്നാണ് ലഭിക്കുന്ന വിവരം.
ചികിത്സാസഹായം, പ്രകൃതിദുരന്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദുരിതാശ്വാസഫണ്ടിൽ ആണ് തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തിയത്. ഏജന്റുമാരുടെ പങ്ക്, ഉദ്യോഗസ്ഥരുടെ സഹായം, അക്കൗണ്ടിൽ വരുന്ന തുക പങ്കിടൽ തുടങ്ങിയ കാര്യങ്ങളിൽ വിജിലൻസ് തെളിവ് ശേഖരിച്ചിട്ടുണ്ട്. ഗുരുതരമായ രോഗം ബാധിച്ചവർ, അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പൈസ ലഭിക്കുന്നത്. ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നതും ഈ മേഖലയെ കേന്ദ്രീകരിച്ച് ആണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.