തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയകാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ശക്തമായ നടപടി എടുക്കാൻ കഴിയുമെന്നും എല്ലാവരും അത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാരോട് സർക്കാർ ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും അവരെ പുഴുക്കുത്തുകൾ മാത്രമായി കാണും എന്നും മുഖ്യമന്ത്രി താക്കീത് നൽകി. സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ സർക്കാരിന് ചുമക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും നടത്തിവരുന്നതായും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന ചിന്ത ഒരു ന്യൂന വിഭാഗത്തിന് ഉണ്ടെന്നും അവരുടെ ലാഭചിന്ത ആരും അറിയുന്നില്ല, എന്നാൽ കൂടുതൽ ജീവനക്കാരും അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്നവരാണെന്നും പിണറായി വിജയൻ പറഞ്ഞു.