ജെറുസലേം : കേരളത്തിൽ നിന്നും നൂതന കൃഷി രീതികൾ പഠിക്കാനായി ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇപ്പോൾ കീഴടങ്ങി തിരിച്ചു പോയാൽ വലിയ കുഴപ്പം ഉണ്ടാകില്ലെന്നും അല്ലെങ്കിൽ അത് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും എംബസി പറഞ്ഞു. വിസയുടെ കാലാവധി കഴിയുന്ന ശേഷവും അവിടെത്തന്നെ തുടരാനാണ് തീരുമാനമെങ്കിൽ കനത്ത നടപടികൾ നേരിടേണ്ടി വരുമെന്നും എംബസി വ്യക്തമാക്കി.
കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ സംഘത്തിൽ നിന്നും കഴിഞ്ഞ 17ന് രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ബിജു കുര്യൻ ഒഴികെയുള്ള സംഘം പിന്നീട് കേരളത്തിൽ തിരികെ എത്തിയിരുന്നു. ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന് കത്തയച്ചിരുന്നു. വിസയുടെ കാലാവധി മെയിലാണ് അവസാനിക്കുന്നത്.
അതേസമയം ബിജുകുര്യൻ ആസൂത്രണം നടത്തിയാണ് സംഘത്തിൽ നിന്നും മുങ്ങിയതെന്ന് സഹയാത്രികർ പറഞ്ഞു. 10 വർഷത്തിലേറെ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷി ഭൂമിയും ഉള്ള കർഷകനാണ് ബിജു കുര്യൻ. നിശ്ചിത യോഗ്യതയും 50 വയസ്സ് തികയാത്തതുമായ കർഷകരിൽ നിന്നും അപേക്ഷ സ്വീകരിച്ചതിൽ നിന്നും തെരഞ്ഞെടുത്തവരിൽ ഉൾപ്പെട്ട ആളാണ് ബിജു കുര്യൻ.