മുംബൈ: അദാനിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച് ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുന്നു. റിപ്പോർട്ട് പുറത്തുവിട്ട് ഒരു മാസം പിന്നിടുമ്പോൾ അദാനിക്ക് നഷ്ടം 12 ലക്ഷം കോടി രൂപയുടെ ഓഹരിയിടിവ്. ഇതോടെ ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ നിന്ന് ഒറ്റയടിക്കാണ് അദാനി മൂന്നാം സ്ഥാനത്തു നിന്നും ഇരുപത്തിഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഓഹരിയിലെ മൂല്യം കൂട്ടി കാണിക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി നിക്ഷേപിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഹിൻഡൻ ബർഗ് അദാനി ഗ്രൂപ്പിനെതിരെ ആരോപിച്ചത്. ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ വൻപ്രതിസന്ധി അദാനി ഗ്രൂപ്പ് നേരിട്ടെങ്കിലും രാജ്യത്തിലെ ഏറ്റവും വലിയ തുടർ ഓഹരി വില്പന വിജയിപ്പിക്കാൻ അദാനി ശ്രമിച്ചു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാൽ നടപടി സ്വീകരിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ അത് പിൻവലിക്കേണ്ടി വരികയും ചെയ്തു.
19 ലക്ഷം കോടി ആകെ ഓഹരി മൂല്യം ഉണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ ഓഹരി മൂല്യം 85 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് ഹിൻഡൻ ബർഗ് പറഞ്ഞിരിക്കുന്നത്. ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിൽ അദാനി പരാജയപ്പെട്ടതായാണ് പൊതു വിലയിരുത്തൽ. ഇതും അദാനിയ്ക്കുണ്ടായ വൻ പ്രതിസന്ധിക്ക് ഒരു കാരണമാണ്. ഹിൻഡൻ ബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി പറഞ്ഞെങ്കിലും ഇതുവരെ എങ്ങും അദാനി പരാതി നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.