ന്യൂസിലൻഡിന്റെ വടക്കൻ ഭാഗങ്ങളെ അതിരൂക്ഷമായി ബാധിച്ച ഗബ്രിയേൽചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമാണ്. നദികൾ കരകവിഞ്ഞതോടെ നിരവധി പേർ വീടുകളിൽനിന്ന് നീന്തിയാണ് രക്ഷപ്പെട്ടത്. ഹാക്ക്സ് ബേ, കോറമാൻഡൽ, നോർത്ത്ലാൻഡ് പ്രദേശങ്ങളിലാണ് കൂടുതലായും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ബാധിച്ചത്.
50 ലക്ഷമുള്ള ജനസംഖ്യയിൽ മൂന്നിലൊന്ന് പേരെയും പ്രകൃതിദുരന്തം ബാധിച്ചതോടെയാണ് രാജ്യചരിത്രത്തിലെ മൂന്നാമത്തെ അടിയന്തരാവസ്ഥ പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസ് പ്രഖ്യാപിച്ചത്. രണ്ടര ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ പ്രയാസത്തിലാണ്. നാശനഷ്ടങ്ങൾ സംഭവിച്ചവർക്കായി 73 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഓക് ലൻഡിൽ മണ്ണിടിച്ചിലിൽ അഗ്നിരക്ഷാസേന അംഗത്തെ കാണാതായിട്ടുണ്ട്.