പ്രണയം..നനുത്ത മഞ്ഞു പോലെ കുളിരാർന്ന അനുഭവം, പ്രണയിക്കുന്നവർക്ക് പ്രണയം സ്നേഹമാണ്, ജീവനാണ്, എല്ലാമെല്ലാമാണ്. മനുഷ്യരിൽ, ജന്തുജാലങ്ങളിൽ, പ്രകൃതിയിൽ എങ്ങും പ്രണയമുണ്ട്. ലോകം വാഴ്ത്തിയിട്ടുള്ള അനശ്വര പ്രണയകഥകളും ഏറെ. പ്രണയത്തിന്റെ ചില്ല് കൂടാരത്തിൽ തിളങ്ങുന്നൊരു മുത്തായി ശോഭിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പ്രണയത്തിന്റെ ആ നനുത്ത കുളിർമയിൽ സുഖമുള്ള ഒരു ചെറിയ പുഞ്ചിരിയോടെ മയങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്. ഓർക്കാം നമുക്ക്… പ്രണയത്തെക്കുറിച്ച് പാടാത്ത ഏതെങ്കിലും ഒരു കവി ഉണ്ടോ ഈ ലോകത്ത്…. അത്രയേറെ പ്രാധാന്യം പ്രണയത്തിനുള്ളത് കൊണ്ടാകാം പ്രണയത്തിനു മാത്രമായി ഒരു ദിനം ഉണ്ടായതും.
പ്രണയദിനത്തിനും ഉണ്ടൊരു കഥ പറയാൻ… പ്രണയദിനം അഥവാ വലന്റൈൻ ദിനം, ഫെബ്രുവരി 14നാണ് ലോകം പ്രണയദിനം ആഘോഷിക്കുന്നത്. റോമിൽ നിന്നും ആണ് വലന്റൈൻ ദിനം പിറക്കുന്നത്. റോമിലെ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രാജ്യത്ത് വിവാഹം നിരോധിച്ചിരുന്നു. വിവാഹം കഴിച്ചാൽ യോദ്ധാക്കൾക്ക് കുടുംബ കാര്യത്തിൽ മാത്രമേ ശ്രദ്ധയുണ്ടാകൂ.യുദ്ധത്തെ അവർ ഗൗരവമായി എടുക്കില്ല എന്ന ചിന്തയാണ് ചക്രവർത്തിയെകൊണ്ട് അത്തരം ഒരു തീരുമാനം എടുപ്പിച്ചത്. അന്ന് കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്ന വലന്റൈൻ ക്ലോഡിയസിന്റെ താല്പര്യങ്ങളെ എതിർത്തുകൊണ്ട് പരസ്പരം സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കാൻ തീരുമാനിച്ചു. രഹസ്യമായി അവരുടെ വിവാഹവും നടത്താൻ തുടങ്ങി. ഒരു ദിവസം ഇതറിഞ്ഞ ചക്രവർത്തി വലന്റൈനെ ജയിലിൽ അടച്ചു. എന്നാൽ വലന്റൈൻ ആകട്ടെ ചക്രവർത്തിയുടെ അന്ധയായ മകളുമായി പ്രണയത്തിലായി. അവരുടെ പരിശുദ്ധമായ പ്രണയത്തിന്റെ തീവ്രതയാലും വിശ്വാസത്താലും ചക്രവർത്തിയുടെ മകൾക്ക് കാഴ്ച ശക്തി ലഭിച്ചു. ഇതറിഞ്ഞ ചക്രവർത്തി വലന്റൈന്റെ തലവെട്ടാൻ ആജ്ഞാപിച്ചു. ചക്രവർത്തിയുടെ കൽപ്പന നിറവേറ്റാനായി ഭടന്മാർ കൊണ്ടുപോകുന്നതിനു മുൻപ് വലന്റൈൻ തന്റെ പ്രണയനിക്കായി “ഫ്രം യുവർ വലന്റൈൻ ” എന്ന് എഴുതി നൽകി. ആ അനശ്വര പ്രണയിതാവിന്റെ ഓർമ്മയ്ക്കായാണ് പിന്നീട് ഫെബ്രുവരി 14ന് വലന്റൈൻ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്.
ഓരോ വർഷത്തെയും പ്രണയദിനത്തിൽ പരസ്പരം സ്നേഹിക്കുന്നവർ അവരുടെ പ്രണയവും വിശ്വാസവും പങ്കുവയ്ക്കുന്നു. ജീവിതത്തിൽ ഉടനീളം ആ വിശ്വാസവും സ്നേഹവും പരസ്പരം നിലനിർത്താൻ ആഗ്രഹിക്കുന്നു.
“അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ….
ഒരു മാത്ര വെറുതെ നിനച്ചു പോയി…..
ഒരു മാത്ര വെറുതെ നിനച്ചു പോയി….. ” (ഓ എൻ വി ) ഇതാണ് പ്രണയം. ഇത്രമേൽ മനോഹരമായി മനസ്സിൽ കോറിയിടാൻ കഴിയുന്ന മറ്റെന്താണ് ഈ ലോകത്തുള്ളത്.
പ്രണയത്തെ മനസിൽ സൂക്ഷിക്കുന്ന എല്ലാവർക്കും പ്രണയാശംസകൾ നേരാം…. ഒപ്പം പ്രണയത്തിന്റെ ഒരുപിടി കുന്നിമണികൾ നമുക്കും വാരിവിതറാം… ലോകത്തിലെങ്ങും പ്രണയം നിറയട്ടെ..