കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞു. വയനാട് മണ്ഡലം സന്ദർശിക്കവേ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇപ്രകാരം പറഞ്ഞത്. പാർലമെന്റിൽ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
പ്രധാനമന്ത്രിയും അദാനിയും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിൽ അവർ ഒന്നിച്ച് യാത്ര ചെയ്യുന്നത് എങ്ങനെയെന്നും അദാനി കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചു. രേഖകളിൽ നിന്നും തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും നീക്കം ചെയ്തതിലൂടെ പ്രധാനമന്ത്രി ചട്ടങ്ങൾ മറികടക്കുകയാണ് ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി. താൻ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവ് വേണമെന്ന് പാർലമെന്റ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. തെളിവ് നൽകാമെന്ന് താൻ പറഞ്ഞിരുന്നുവെന്നും രാഹുൽ പറഞ്ഞു. താൻ സത്യമാണ് പറഞ്ഞതെന്നതിനാൽ മോദിയെ തനിക്ക് ഭയമില്ല എന്നും ഒരുനാൾ മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ വ്യക്തമാക്കി.
വളരെ ചെറിയ കാലയളവിൽ അദാനിയ്ക്കുണ്ടായ വളർച്ചയ്ക്ക് പിന്നിൽ നരേന്ദ്രമോദി ആണെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോഴെല്ലാം അദാനി ഓരോ കരാറാണ് ഒപ്പിടുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. നിയമസഭയിലെ രാഹുലിന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം രേഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു. രാഹുൽഗാന്ധിയുടെ വിവാദ പ്രസംഗത്തിനെതിരെ ബിജെപി അവകാശ ലംഘന നോട്ടീസും നൽകിയിരുന്നു.