കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം ഉണ്ടായി. നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പിടിച്ചതിനെ തുടർന്ന് മുകളിലേക്കും തീ പടരുകയായിരുന്നു.
പലനിലകളിലായി ജോലി ചെയ്തിരുന്ന 350ലേറെ തൊഴിലാളികൾ സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി. തീപിടുത്ത സാധ്യതയെ കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിനു സമീപത്ത് ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണ്ണമായും മാറ്റി.
ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തു നിന്നും ഏഴ് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. രണ്ടേകാലോടെ പൂർണ്ണമായും തീ നിയന്ത്രണവിധേയമാക്കി. ഇതിനിടയിൽ തൊഴിലാളികൾ ഭക്ഷണ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു എന്ന സംശയമുണ്ടായെങ്കിലും ഫയർഫോഴ്സ് ഇത് സ്ഥിരീകരിച്ചിട്ടില്ല. തീ പിടിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു.