ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് 2013ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ വിധിച്ചത്.
2013ലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പു, ബലാത്സംഗം ചെയ്തതായുളള സൂറത്ത് സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. വര്‍ഷങ്ങളോളം വിവിധ ആശ്രമങ്ങളില്‍ വെച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്നെ ബലാത്സംഗം ചെയ്തുവെന്നും അവിടെ ബന്ദിയാക്കിയെന്നും പരാതിയില്‍ സ്ത്രീ ആരോപിച്ചിരുന്നു. ആശാറാമും മകന്‍ നാരായണ്‍ സായിയും തങ്ങളെ ബലാത്സംഗം ചെയ്തതായി യുവതിയും സഹോദരിയും ആരോപിച്ചിരുന്നു. 2019ല്‍ ഈ കേസില്‍ നാരായണ്‍ സായിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പ്രതികളായി കണ്ടെത്തിയിരുന്നു. ഇന്നലെ, ഗാന്ധിനഗര്‍ കോടതി ആശാറാം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും കേസിലെ മറ്റ് പ്രതികളെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു. ആശാറാമിന്റെ ഭാര്യ ലക്ഷ്മി, മകള്‍ ഭാരതി, അനുയായികളായ ധ്രുവ്‌ബെന്‍, നിര്‍മല, ജാസി, മീര എന്നിവരെയും പ്രതികളാക്കിയെങ്കിലും ഗാന്ധിനഗര്‍ കോടതി ഇവരെ വെറുതെ വിട്ടു.