യു എ ഇ യിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥ ഇന്നും കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്. അന്തരീക്ഷ താപനില കുറയുമെന്നും പകൽ സമയത്ത് ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യൽസും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യൽസും ആയിരിക്കും. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
അസ്ഥിരമായ കാലാവസ്ഥ രണ്ടു ദിവസമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന് ദുബായ് പൊലീസിന്റെ തുറമുഖ സ്റ്റേഷൻ പൊതുജനങ്ങളോടും ബോട്ടുകൾ, കപ്പലുകൾ, യോട്ടുകൾ എന്നിവയുടെ ഉടമകളോടും നിർദ്ദേശിച്ചു. ശക്തമായ വെള്ളപ്പൊക്കത്തിനും തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മുങ്ങൽ വിദഗ്ധർ, രക്ഷാപ്രവർത്തകർ, രക്ഷാപ്രവർത്തന ബോട്ടുകൾ എന്നിവരടങ്ങുന്ന രക്ഷാസേന ഒൻപത് സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട് . ബീച്ച് യാത്രക്കാർ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാനും ഉപദേശങ്ങൾ കടൽത്തീരത്ത് ചുവന്ന കൊടി സ്ഥാപിക്കുന്നിടത്തോളം കാലം നീന്താനോ വെള്ളത്തിൽ ഇറങ്ങാനോ പാടില്ലെന്നും അധികൃതര് മുന്നറിയിപ്പ് നൽകി.