സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രശംസിച്ച് കൊണ്ടുള്ളതായിരുന്നു ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ കേരളം പ്രചോദനമായി. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി. കേരളത്തിന്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തെ യുപിഐ ഇടപാടുകളിൽ നാല്പത്ത് ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവർണർ പറഞ്ഞു.
വിവിധ സേനാ വിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻ.സി.സി., സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും ഗവർണർക്ക് അഭിവാദ്യം നൽകി. പരേഡിന് പിന്നാലെ വിവിധ സ്‌കൂളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.