തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ ഏറെക്കുറെ തീർന്നതിനെതുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ കപ്പൽ തുറമുഖത്ത് എത്തിക്കാൻ തീരുമാനം. സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും കപ്പലിനെ തുറമുഖത്ത് എത്തിക്കുക എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തുറമുഖത്തിന്റെ 60 ശതമാനം പണിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. തുറമുഖം പൂർണ്ണമായും പ്രവർത്തനസജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയം വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ശേഷിച്ച പണികൂടി തീർക്കുന്നത് കണക്കിലെടുത്ത് പുതുതായി 7 ക്വാറികൾ തുടങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിഴിഞ്ഞം തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട് തീരശോഷണം നടന്നിട്ടില്ല എന്ന് ചെന്നൈ എൻ ഐ ഒ ടി യുടെ പഠനറിപ്പോർട്ട് പുറത്തുവന്നു. വലിയരീതിയിൽ തീരശോഷണം നേരിടുന്ന ഏരിയകളിൽ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആണ് എൻ ഐ ഒ റ്റി തീരശോഷണം സംബന്ധിച്ച പഠനം നടത്തിയത്. കടലോര പ്രദേശങ്ങളായ ചിലയിടങ്ങളിൽ തീര ശോഷണവും ചിലയിടങ്ങളിൽ തീരം വയ്പ്പും പഠനത്തിൽ കണ്ടെത്തിയിരുന്നു. തീരശോഷണത്തിലോ തീരംവയ്പ്പിലോ കാര്യമായ സ്വാധീനം വരുത്താൻ തുറമുഖ നിർമ്മാണത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്.